ആദ്യത്തെ ഓണക്കിറ്റ് വെള്ളക്കാര്‍ഡുള്ള മണിയന്‍പിള്ള രാജുവിന്; മന്ത്രി വീട്ടിലെത്തി നല്‍കി; വിവാദം

റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്
മന്ത്രി മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് നല്‍കുന്നു
മന്ത്രി മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് നല്‍കുന്നു


തിരുവനന്തപുരം: റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച് നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ട് എത്തിച്ച് നല്‍കിയത്. ഇതിന്റെ ഫോട്ടോ മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. 

പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്.ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാര്‍ഡ്.

വെള്ള കാര്‍ഡ് അംഗങ്ങള്‍ക്കു കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത് ഓഗസ്റ്റ് 13 മുതലാണെന്ന് ഉത്തരവിലുണ്ട്. 
സാധാരണ, ഒരു വെള്ള കാര്‍ഡ് ഉടമയോ അംഗമോ പതിമൂന്നിന് മുന്‍പ് റേഷന്‍ കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. കാരണം, കടകളിലെ ഇ പോസ് മെഷീനില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും സമ്മതിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com