കാഷ്വാലിറ്റികളിലും ഒപികളിലും സിസിടിവി, അക്രമം നടന്നാല്‍ ഉടന്‍ അറസ്റ്റ്; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി 

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍,ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍,ഫയല്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന  അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കാഷ്വാലിറ്റികളിലും ഒപികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ  സിസിടിവി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണം.  അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒപികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ  നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം.  മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്,  ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com