ബുഷ്‌റയുടെ പ്രാര്‍ത്ഥനകള്‍ സഫലമായി; ഫറൂഖിനിത് രണ്ടാം ജന്മം

കോവിഡിനെ തുടര്‍ന്നു കുടലിലേക്കുള്ള രക്തയോട്ടം നിലച്ച അതീവഗുരുതരനിലയെ അതിജീവിച്ച് മുപ്പത്തിയെട്ടുകാരന്‍ 
ഫറൂഖ്, ഭാര്യ ബുഷ്‌റ, സഹോദരന്‍ സമദ് എന്നിവരോടൊപ്പം ഫറൂഖിനെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റി ഡോക്ടര്‍മാരുടെ മെഡിക്കല്‍ ടീം
ഫറൂഖ്, ഭാര്യ ബുഷ്‌റ, സഹോദരന്‍ സമദ് എന്നിവരോടൊപ്പം ഫറൂഖിനെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റി ഡോക്ടര്‍മാരുടെ മെഡിക്കല്‍ ടീം

കൊച്ചി: 'കൈവിട്ടു പോയെന്നുറപ്പിച്ചടുത്ത് നിന്നാണ് ഇക്കയെ തിരിച്ചുകിട്ടിയത്. പറഞ്ഞറിയിക്കാനാവില്ല, ദൈവത്തിനോടും പിന്നെ ഡോക്ടര്‍മാരോടുമുള്ള കടപ്പാട്' -മുപ്പത്തെട്ടുകാരനായ ഫറൂഖിന്റെ കൈപിടിച്ച് പ്രിയതമ ബുഷ്‌റ പറയുന്നു. 

ചെറുകിട കച്ചവടക്കാരനായ ഫറൂഖ് കോവിഡ്മുക്തനായതിന് ശേഷം കടുത്ത വയറുറ്വേദനയ്ക്ക് ചികിത്സ തേടിയാണ് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തി. രക്തപരിശോധനകളും എക്‌സ്‌റേയും  പരിശോധിച്ച ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചുവെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. അടിയന്തരമായി സിടി സ്‌കാന്‍ പരിശോധന നടത്തിയ ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ചവരില്‍ രക്തയോട്ടം നിലച്ച് കുടല്‍ പ്രവര്‍ത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയാണ് ഫറൂഖിന്റെതെന്ന് കണ്ടെത്തുന്നത്. രക്തയോട്ടം നിലച്ച് പ്രവര്‍ത്തനരഹിതമായ കുടലിന്റെ ഭാഗം മുറിച്ചു മാറ്റുക എന്നതാണ് പോംവഴിയെന്നും അണുബാധ ഉള്ളതിനാല്‍ വൈകിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഭാരിച്ച ചികിത്സാ തുക താങ്ങാനാകാത്തത് കൊണ്ട് ശസ്്ത്രക്രിയ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനിച്ചു. മേയ്മാസം നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെ കുടലിന്റെ നല്ലൊരു ഭാഗം മുറിച്ചു മാറ്റിയതിന് ശേഷം രണ്ട് മാസത്തോളം അവിടെ തന്നെ കിടത്തിച്ചികിത്സ തുടരേണ്ടി വന്നു. ഇതിനിടെ കടുത്ത പനി ബാധിച്ചത് കൂടാതെ കുടലിനകത്തിട്ടിരുന്ന സ്റ്റിച്ച് പൊട്ടുകയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ വീണ്ടുമൊരു ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവസാന ശ്രമമെന്ന നിലയ്ക്ക് കൂടുതല്‍ വിദഗദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിക്കോളൂ എന്ന അറിയിച്ചതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുന്നത്. ആദ്യത്തെ നാല് ദിവസം ഐസിയുവിലായിരുന്നു. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സാ മാര്‍ഗങ്ങളായിരുന്നു സ്വീകരിച്ചത്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്ഥിതി വീണ്ടും വഷളായി. അതീവഗുരുതര അവസ്ഥയിലായിരുന്നു മൂന്നാമത്തെ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 16 ന് ശസ്ത്രക്രിയ നടത്തി ശേഷം എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ മാസം രണ്ടിനാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ ഭക്ഷണം കഴിച്ചു തുടങ്ങി, നടക്കാനും സംസാരിക്കാനും ഒന്നും ബുദ്ധിമുട്ടില്ല...നിറഞ്ഞ സന്തോഷത്തോടെ ബുഷ്‌റ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഫറൂഖിന്റെ ചുണ്ടിലും ചിരി പടര്‍ന്നു. രണ്ടു കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും.

ആഴ്ചകളെടുത്താണ് ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ ആരോഗ്യസ്ഥിതിയിലേക്ക് ഫറൂഖ് എത്തുന്നത്. രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് ചുരുങ്ങിപ്പോയ കുടലും, കുടലിലെ ചോര്‍ച്ചയും കുടല്‍ മുറിച്ച് മാറ്റാതെ തന്നെ പരിഹരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഗ്യാസ്‌ട്രോസര്‍ജറി വിഭാഗം തലവന്‍ ഡോ. പ്രകാശ് കെ പറഞ്ഞു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാറുണ്ടെങ്കിലും കുടലിനെ ബാധിക്കുന്നത് അപൂര്‍വ്വമാണ്. രാജസ്ഥാനിലും പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭുരിഭാഗം രോഗികളും മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സങ്കീര്‍ണ അവസ്ഥ മറികടന്ന ഫറൂഖ് ശരിക്കുമൊരു പോരാളിയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. പ്രകാശിന് പുറമെ ഗ്യാസ്‌ട്രോസര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. കമലേഷ്, ഡോ.വിപിന്‍, ഡോ. സിദ്ധാര്‍ത്ഥ്, അനസ്തീഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവന്‍ ഡോ. സുരേഷ് ജി നായര്‍, ഡോ. ജോബിന്‍ എന്നിവരടങ്ങിയ മെഡിക്കല്‍ ടീമാണ് ഫറൂഖിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com