ശിശു മരണം തുടർക്കഥയാവുന്നു; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും

യുഡിഎഫ് തീരുമാനം അനുസരിച്ചാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

അട്ടപ്പാടി; ശിശുമരണം തുടരുന്ന അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് സന്ദർശിക്കും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും.

രാവിലെ പത്തി മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം. 

വീണാ ജോർജിനെതിരെ  കോട്ടത്തറ ആശുപത്രി സൂപ്രണ്ട് 

കഴിഞ്ഞ ദിവസം ആരോ​ഗ്യമന്ത്രി വീണാ ജോർജ് അട്ടപ്പാടി സന്ദർശിച്ചിരുന്നു. അതിനിടെ മന്ത്രിക്കെതിരെ വിമർശനവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ് രം​ഗത്തെത്തി. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേതെന്നാണ് പ്രഭുദാസ് പറഞ്ഞത്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ആശുപത്രിയില്‍ എത്തിയതെന്നാണ് ആരോപണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 32 ലക്ഷം മുടക്കി ഫര്‍ണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആംബുലന്‍സുകള്‍ കട്ടപ്പുറത്തും. ഓടുന്നവയില്‍ മതിയായ ജീവന്‍ രക്ഷാ സംവിധാനമില്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com