ഐശ്വര്യകേരള യാത്രക്കെതിരെ കണ്ണൂരില്‍ കേസ് ; 26 യുഡിഎഫ് നേതാക്കളും പ്രതികള്‍

തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര/ ഫെയ്‌സ്ബുക്ക് ചിത്രം
ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര/ ഫെയ്‌സ്ബുക്ക് ചിത്രം

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രക്കെതിരെ കണ്ണൂരില്‍ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇന്നലെയാണ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിയത്. 

തളിപ്പറമ്പില്‍ നടന്ന ഐശ്വര്യകേരളയാത്രയുടെ സമാപനച്ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. യുഡിഎഫ് നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 400 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മാത്രമാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നടപടി എടുക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആലപ്പുഴയില്‍ അടക്കം മന്ത്രിമാര്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഭരണത്തിന്റെ അവസാന നാളുകളില്‍ ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനായി ഇറങ്ങിയ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com