വിതുര പെണ്‍വാണിഭം: ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവുശിക്ഷ

പ്രതി ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി
സുരേഷ്/ഫയല്‍
സുരേഷ്/ഫയല്‍

കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ. പ്രതി ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പത്തു വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാവും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളില്‍ വിചാരണ തുടരും.

1996 ജൂലൈ 16 നു ഒരു പ്രതിയോടൊപ്പം പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണു സംഭവങ്ങള്‍ പുറത്തറിയുന്നത്. ജൂലൈ 23 നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പീഡന കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്.

2019 ഒക്ടോബര്‍ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോള്‍ ഇയാള്‍ ഒന്നാം പ്രതി താനാണെന്നു വ്യക്തമാക്കി കോടതിയില്‍ സ്വയം കീഴടങ്ങിയതാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com