മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. 

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികളാണ് കമ്മീഷൻ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. 

പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍. 

എണ്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടിനല്‍കും. 

വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങള്‍ മ്രോത പാടുള്ളൂ. നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്‍കാന്‍ അവസരമുണ്ടാവും.

അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്‌നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 

ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com