'ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്, മേലിൽ ആവർത്തിക്കരുത്'; കൊച്ചി ഡിസിപിക്ക് താക്കീത് 

ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്
ഐശ്വര്യ ഡോങ്‌രെ/ ഫേയ്സ്ബുക്ക്
ഐശ്വര്യ ഡോങ്‌രെ/ ഫേയ്സ്ബുക്ക്

കൊച്ചി; തന്നെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ് വനിതാ പൊലീസുകാരിയെ ശിക്ഷിച്ച കൊച്ചി സിറ്റി ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. മഫ്തിയിലെത്തിയ മേലുദ്യോഗസ്ഥയെ മനസ്സിലായില്ലെന്ന കാരണത്താൽ പാറാവുനിന്ന വനിത പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റിയ നടപടി വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മേലുദ്യോ​ഗസ്ഥർ ഡിസിപി ഐശ്വര്യ ഡോങ്‌രെയെ താക്കീത് നൽകിയത്.  

ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് സിവിൽ വേഷത്തിൽ മുഖാവരണം ധരിച്ച് ഡിസിപി ഐശ്വര്യ ഡോങ്‌രെ എത്തിയത്. ആളെ തിരിച്ചറിയാതിരുന്നതിനാൽ ഡിസിപിയെ പാറാവുനിന്ന വനിതാ പോലീസുകാരി തടഞ്ഞു, കാര്യം തിരക്കി. ആളെ മനസ്സിലായതും അകത്തേക്ക് കടത്തിവിടുകയും ചെയ്തു. എന്നാൽ, തന്നെ തടഞ്ഞതിൽ പോലീസുകാരിയോട് ഡിസിപി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്ന കാരണത്താൽ വനിതാ സിപിഒയ്ക്ക് തിരക്കുള്ള ഹൈക്കോടതി ജങ്ഷന് സമീപം രണ്ടുദിവസം ട്രാഫിക് ഡ്യൂട്ടി നൽകുകയായിരുന്നു. 

അടുത്തിടെ കൊച്ചിയിൽ ചാർജെടുത്ത ഡി.സി.പി.യെ സിവിൽ വേഷത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ വരുന്നവരോട് വിവരങ്ങൾ തിരക്കിയശേഷമാണ് അകത്തേക്ക് കയറ്റിവിടുന്നതും. വനിതാ പോലീസുകാരി കൃത്യനിർവഹണമാണ് ചെയ്തത്. എന്നാൽ, ഈ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ട്രാഫിക് ഡ്യൂട്ടി നൽകിയെന്നായിരുന്നു ഡി.സി.പി.ക്കെതിരേയുള്ള ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com