'തന്നെ ആരും കൊന്നിട്ടില്ല, രാത്രി കള്ളനെ കണ്ടപ്പോള്‍ ഓടി കിണറ്റില്‍ വീണു' ; അഭയയുടെ ആത്മാവിന്റെ 'വെളിപ്പെടുത്തല്‍' ; വെളിപാടു വിവാദത്തില്‍ വൈദികന്‍ മാപ്പുപറഞ്ഞു

സിസ്റ്റര്‍ അഭയയുടെ ആത്മാവ് തന്നോടു ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് സ്ത്രീ അവകാശപ്പെട്ടത്
സിസ്റ്റര്‍ അഭയ  (ഫയല്‍ചിത്രം)
സിസ്റ്റര്‍ അഭയ (ഫയല്‍ചിത്രം)

ആലപ്പുഴ : സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ വെളിപാടു കിട്ടിയതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച കാര്യം ഏറ്റുപറഞ്ഞ സംഭവത്തില്‍ പ്രമുഖ ധ്യാനഗുരു ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ മാപ്പു പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. 

സിസ്റ്റര്‍ അഭയയുടെ ആത്മാവ് തന്നോടു ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് സ്ത്രീ അവകാശപ്പെട്ടത്. തന്നെ ആരും കൊലപ്പെടുത്തിയിട്ടില്ലെന്നും താന്‍ അത്മഹത്യ ചെയ്തിട്ടില്ലെന്നുമാണ് ആത്മാവ് പറഞ്ഞതെന്നാണ് യുകെയിലുള്ള സ്ത്രീ പ്രചരിപ്പിച്ചത്. 

പാത്രം കഴുകാനായി അടുക്കളയിലേക്കുപോകുമ്പോള്‍ അഭയ വന്ന് ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് 'വെളിപ്പെടുത്തല്‍'. ആത്മാവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയെന്ന് സ്ത്രീ പറയുന്നു : 'എന്നെയാരും കൊന്നിട്ടുമില്ല, ഞാന്‍ ആത്മഹത്യ ചെയ്തിട്ടുമില്ല. ചെറുപ്പത്തില്‍ ചൂഷണംചെയ്യാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അത് ഭയമായി ഉള്ളില്‍ക്കിടന്നു. കോണ്‍വെന്റില്‍വെച്ച് രാത്രിയില്‍ കള്ളനെ കണ്ടപ്പോള്‍ ഓടി കിണറ്റില്‍വീണതാണ്.' 

സത്യം ഇതായിരിക്കെ സഭയെ കരിവാരിത്തേക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുവെന്നാണ് സ്ത്രീ ആരോപിച്ചത്. പ്രമുഖ ധ്യാനഗുരുവായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഒരുപ്രസംഗത്തില്‍ ഈ വെളിപാട് ആവര്‍ത്തിച്ചതോടെയാണ് വിവാദമായത്. ഇതിനെ സാധൂകരിച്ച ഫാദര്‍ നായ്ക്കംപറമ്പിലിനെതിരെ വൈദികരും രംഗത്തെത്തി. കെസിബിസിയും പരോക്ഷമായി ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. 

ഒരു ശബ്ദസന്ദേശം അടിസ്ഥാനമാക്കി കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ താന്‍ പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി. ഇക്കാര്യത്തില്‍ ഖേദിക്കുകയും സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞകാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നതായി ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com