ധീര ജവാന് നാടിന്റെ വിട; ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു 

പൊതുദര്‍ശനം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്
നായിബ് സുബേദാര്‍ എം. ശ്രീജിത്ത്
നായിബ് സുബേദാര്‍ എം. ശ്രീജിത്ത്

കോഴിക്കോട്: ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊയിലാണ്ടി ചേമഞ്ചേരി പൂക്കാടെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തിയത്. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്. 

വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. കെ. മുരളീധരന്‍ എം പി, കാനത്തില്‍ ജമീല എംഎല്‍എ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രിയോടെ വാളയാര്‍ അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലക്കാട് ഡിവൈഎസ്പി പി ശശികുമാറും തഹസില്‍ദാര്‍ ടി രാധാകൃഷ്ണനുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഔദ്യോഗിക നടപടിള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിച്ചു. 

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com