വ്യവസായികള്‍ കേരളം വിടേണ്ട, തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി; പുതിയ ബില്‍ കൊണ്ടുവരുമെന്ന് പി രാജീവ്  

സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്
പി. രാജീവ് /ഫയല്‍
പി. രാജീവ് /ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. 
വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ വ്യവസായം ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പി രാജീവിന്റെ പ്രതികരണം.

വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നിശ്ചിത മുതല്‍മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com