'സാധനം നമ്മുടെ കമ്പനിയാ കൊണ്ടുപോയത്' ; അഷ്‌റഫിന്റെ ഫോണില്‍ കൊടിസുനിയുടെ ശബ്ദസന്ദേശം ; പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ വഴിത്തിരിവ്

കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാന്‍ കണ്ണൂര്‍ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞു
അഷ്‌റഫ്, കൊടി സുനി / ഫയല്‍ ചിത്രം
അഷ്‌റഫ്, കൊടി സുനി / ഫയല്‍ ചിത്രം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയായ അഷ്‌റഫിനെ സ്വര്‍ണക്കടത്ത് സംഘം  തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം കൊടി സുനിയിലേക്ക്. അഷ്‌റഫിന്റെ ഫോണിലെ കൊടിസുനിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്ത്. സ്വര്‍ണം തട്ടിയെടുത്തത് കണ്ണൂര്‍ സംഘമാണെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് കൊടി സുനി ഇപ്പോഴുള്ളത്. 

അഷ്‌റഫിന്റെ കയ്യിലുള്ള കൊടിസുനിയുടെ ശബ്ദസന്ദേശം ഇങ്ങനെയാണ്:

''കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തേക്ക്'', കൊടി സുനി ശബ്ദസന്ദേശത്തില്‍ പറയുന്നു. 

കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാന്‍ കണ്ണൂര്‍ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം മുക്കിയതാണെന്ന് ഭീഷണി മുഴക്കിയാണ് കൊടുവള്ളി സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഒരു ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിക്കൊണ്ട് പോയതാണെന്ന് പല തവണ പറഞ്ഞു എങ്കിലും, കൊടുവള്ളിയിലെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞു.

താന്‍ സ്വര്‍ണക്കടത്ത് ക്യാരിയര്‍ ആയിരുന്നു എന്നും അഷറഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ട് കിലോയാണ് കഴിഞ്ഞ മാസം റിയാദില്‍ നിന്ന് വന്ന അഷ്‌റഫ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്ന് അറിയില്ലെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞു. ചാത്തമംഗലം ചെത്ത് കടവ് പാലത്തിന് സമീപത്ത് പുലര്‍ച്ചെയോടെയാണ് അഷറഫിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാലിന്റെ എല്ലിന് പൊട്ടലും, ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിലുമാണ് അഷ്‌റഫിനെ കണ്ടെത്തിയത്. 

അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊടുവള്ളി സ്വദേശി പൂമുള്ളന്‍കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് വ്യക്തമായതോടെ, കസ്റ്റംസും അന്വേഷണത്തിനായി രംഗത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com