തുണി എടുക്കാന്‍ ടെറസില്‍ കയറി, മെറ്റല്‍ ഇറക്കുന്ന പോലെ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ വീട് ചരിയുന്നു; നടുക്കം മാറാതെ അയല്‍വാസികള്‍

 മൂന്നുനില വീടിന്റെ താഴത്തെ നില പൂർണമായും തകർന്ന അവസ്ഥയിലാണ്
ഫോട്ടോ: ടി കെ സനേഷ്, എക്സ്പ്രസ്
ഫോട്ടോ: ടി കെ സനേഷ്, എക്സ്പ്രസ്

കൊച്ചി: ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് പോകുകയായിരുന്നു സരള. കോവണിപ്പടി കയറുമ്പോൾ ലോറിയിൽ നിന്നു മെറ്റൽ ഇറക്കുന്ന പോലൊരു ശബ്ദം കേട്ടു. പുറത്തേക്ക് നോക്കിയപ്പോൾ ഹംസയുടെ വീട് താഴേക്കു ചരിയുന്ന കാഴ്ചയാണ് സരള കണ്ടത്. കൗൺസിലർ കൂടിയായ മകൾ ബിന്ദുവിനെ സരള കാര്യമറിയിച്ചു. ബിന്ദു ഓടിയെത്തുമ്പോൾ വീട് ചരിഞ്ഞ് നിൽക്കുന്നതാണ് കാണുന്നത്. 

ദേശീയപാതയ്ക്കു സമീപം കൂനംതൈ ബീരാക്കുട്ടി നഗറിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് തകർന്നത്. 2 സെന്റിലാണ് ഈ മൂന്ന് നില കെട്ടിടം നിർമ്മിച്ചിരുന്നത്. ഹംസയുടെ ഭാര്യ ഹയറുന്നീസയും മകൾ ഷബ്നയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ നിസ്കരിക്കുന്നതിനിടയിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി ഹയറുന്നീസ പറഞ്ഞു. മകൾ ഷബ്നയെ വിളിച്ചെഴുന്നേൽപ്പിച്ച് ഇരുവരും വാതിൽ തുറന്നു പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ബിന്ദുവും നാട്ടുകാരും ചേർന്നാണ് ഹയറുന്നീസയെയും മകളെയും രക്ഷപ്പെടുത്തിയത്. 

നഗരത്തിൽ തട്ടുകട നടത്തുകയാണ് ഹംസ. അദ്ദേഹം രാവിലെതന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. മൂന്നുനില വീടിന്റെ താഴത്തെ നില പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവർ രണ്ടാഴ്ച മുൻപാണ് താമസം മാറിയത്. താഴത്തെ നിലയിൽ അറ്റകുറ്റപ്പണി നടത്താനായി തറ പൊട്ടിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. 20 വർഷം മുൻപാണ് താഴത്തെ നില പണിതത്. ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചത്. മുകളിലേക്കുള്ള നിലകൾ പിന്നീട് കൂട്ടിച്ചേർത്തതാണ്. നിർമാണത്തിലെ പിഴവാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com