പ്രസന്ന കട വീണ്ടും തുറന്നപ്പോള്‍/ ചിത്രം: എ സനേഷ്
പ്രസന്ന കട വീണ്ടും തുറന്നപ്പോള്‍/ ചിത്രം: എ സനേഷ്

ആറ് ലക്ഷം വാടക കുടിശിക യൂസഫലി നൽകി, കട നടത്താൻ രണ്ട് ലക്ഷം; പ്രസന്നയുടെ 'ജീവിതം' വീണ്ടും തുറന്നു

യൂസഫലി വാടക കുടിശ്ശിക തീർത്തതോടെയാണ് പ്രസന്നയ്ക്ക് വീണ്ടും കച്ചവടം തുടങ്ങാനായത്

കൊച്ചി: മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് ജിസിഡിഎ അടപ്പിച്ച കട വീണ്ടും തുറന്ന് പ്രസന്ന. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി കുടിശ്ശിക തീർത്തതോടെയാണ് പ്രസന്നയ്ക്ക് വീണ്ടും കച്ചവടം തുടങ്ങാനായത്. കടയടപ്പിച്ചതിന് പിന്നാലെ വീട്ടിൽ പോകാതെ വോക്‌വേയിൽ കഴിയുകയായിരുന്ന പ്രസന്നയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യുസഫലി സഹായം വാ​ഗ്ദാനം ചെയ്ത് രം​ഗത്തെത്തിയത്. 

കുടിശിക തുകയായ ഒൻപത് ലക്ഷത്തോളം രൂപയാണ് പ്രസന്ന അടയ്ക്കാനുണ്ടായിരുന്നത്. ഇതിൽ രണ്ടര ലക്ഷത്തോളം രൂപ ജിസിഡിഎ ഇളവു നൽകി. ബാക്കി 6,32,462 രൂപയും ഒരു വർഷത്തേക്കുള്ള മുൻകൂർ വാടകയായി 2,26,679 രൂപയും യൂസഫലി നൽകി. കട നടത്താനായി രണ്ടുലക്ഷം രൂപയുടെ സഹായം പ്രസന്നയ്ക്കും നൽകി. 

 2015ൽ വായ്പയെടുത്താണ് താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന കട തുടങ്ങിയത്. മാനസികവെല്ലുവിളി നേരിടുന്ന മകളെ പോറ്റാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങൾ വിൽക്കുന്ന ചെറിയ കട നിർമിക്കാനുള്ള അനുമതി ജിസിഡിഎ നൽകിയത്. ജിസിഡിഎയ്ക്ക് തറവാടക നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കോവിഡും മറൈൻഡ്രൈവ് വാക്‌വേ നവീകരണവുമെല്ലാമായി കച്ചവടം ഇല്ലാതായതോടെ രണ്ട് വർഷമായി വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറി കട വീണ്ടും തുറന്നപ്പോഴാണ് ജിസിഡിഎയുടെ നടപടി. അന്നു മുതൽ കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു പ്രസന്ന അന്തിയുറങ്ങിയത്.

ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ ബി സ്വരാജാണ് ജിസിഡിഎ ചെയർമാൻ വി സലീമിന് ചെക്കുകൾ നൽകിയത്. കട തുറക്കാനുള്ള ജിസിഡിഎയുടെ അനുമതിപത്രവും താക്കോലും സലീം പ്രസന്നയ്ക്ക് കൈമാറി. തുടർന്നാണ് പ്രസന്ന കട തുറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com