'ധൃതി പിടിച്ച് തീരുമാനമെടുക്കാവുന്ന കാര്യമല്ല'; ശബരിമല മേല്‍ശാന്തി നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരില്‍നിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സിടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച് തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറ്റ് കക്ഷികളും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി. ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിവി വിഷ്ണുനാരായണന്‍, ടിഎല്‍ സിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികള്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ ഹര്‍ജി കാലഹരണപ്പെടുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല. 

മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്താണ് ഹര്‍ജി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരം സംവരണം അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com