സംസ്ഥാന ബജറ്റ് ഇന്ന്; കോവിഡ് പ്രതിരോധത്തിന് ഊന്നല്‍

കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നേരിടാൻ ഐസക്കിൻ്റെ പിൻഗാമിയുടെ പദ്ധതികൾ എങ്ങനെയെന്ന് ഇന്നറിയാം
കെ എന്‍ ബാലഗോപാല്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
കെ എന്‍ ബാലഗോപാല്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനിടെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നേരിടാൻ ഐസക്കിൻ്റെ പിൻഗാമിയുടെ പദ്ധതികൾ എങ്ങനെയെന്ന് ഇന്നറിയാം. 

ജനുവരിയിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻ്റെ തുടർച്ചയായുള്ള ഇന്നത്തെ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാവും ബജറ്റ്. വരുമാന വർധനവിന് ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. അതി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളുണ്ടാവും.  

അതിവേ​ഗ റെയിൽ പാത ഉൾപ്പെടെ വമ്പൻ പദ്ധതികളും ഉണ്ടായേക്കും. കോവിഡ് വാക്സിൻ വാങ്ങാനാവശ്യമായ തുക വകയിരുത്തും. പുതിയ വരുമാന മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയിൽ നികുതി കൂട്ടുക എന്നതാണ് പൊതുവേ സർക്കാരുകൾ സ്വീകരിക്കുന്ന വഴി. എന്നാൽ സാധാരണക്കാരുടെ വരുമാനം പൂർണ്ണമായും ഇല്ലാതാക്കിയ കോവിഡിന് ഇടയിൽ നികുതി കൂട്ടാൻ സർക്കാർ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. 

ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാൻ പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക് ഡൗൺ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര - വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു. നികുതി - നികുതിയിതര വരുമാനം വർധിപ്പിക്കാൻ നടപടി ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും. 

മദ്യ നികുതി വർധിപ്പിച്ചേക്കില്ല. കഴിഞ്ഞ ബജറ്റിൽ  വിശദമാക്കിയ പദ്ധതികളെ പറ്റി പരാമർശിച്ച് പോവുക മാത്രമാണ് ചെയ്യുകയെന്നാണ് സൂചന. അതിനാൽ ഒന്നര മണിക്കൂർ കൊണ്ട് ബജറ്റവതരണം പൂർത്തിയായേക്കും. ബജറ്റിനൊപ്പം നാലു മാസത്തേക്കുള്ള വോട്ടോൺ അക്കൗണ്ടും ധനമന്ത്രി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com