വ്യാജമദ്യക്കടത്ത്; ഇരട്ടക്കൊല കേസ് പ്രതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതകക്കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘത്തെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് അറസ്റ്റ് ചെയ്തത്. നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശിയായ രജിം റഹീം എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 

ഇവരില്‍ സജുവും ഹരിദാസും നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. രണ്ട് കുപ്പി വ്യാജമദ്യവുമായി രജീമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് രജീമില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കി മൂന്നുപേരും അറസ്റ്റിലായത്. ഇവരില്‍ നിന്നും 25000 രൂപയും വ്യാജമദ്യവും നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച മഹീന്ദ്രജീപ്പും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു കുപ്പി വ്യാജമദ്യത്തിന് 2500 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു. ജില്ലയിലെ വ്യാജമദ്യ കച്ചവടത്തിലും വിതരണത്തിലും സംഘത്തിന് വലിയ പങ്കുണ്ടെന്ന്  എക്‌സൈസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ ഉള്‍പ്പടെയുള്ള സഹായത്തോടെയാണ് പ്രതികള്‍  മദ്യം ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com