ആയിഷയുടെ രാജ്യാന്തര ബന്ധം കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ തെരച്ചില്‍; അറസ്റ്റില്ല

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്തനയുടെ രാജ്യാന്തര ബന്ധം തിരഞ്ഞ് കവരത്തി പൊലീസ്
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം
ആയിഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്തനയുടെ രാജ്യാന്തര ബന്ധം തിരഞ്ഞ് കവരത്തി പൊലീസ്. ഇന്നലെ നടത്തിയ മാരത്തണ്‍ ചോദ്യം ചെയ്യലിനിടെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ബന്ധങ്ങള്‍ പൊലീസ് തിരഞ്ഞതായി ആയിഷ സുല്‍ത്താന വെളിപ്പെടുത്തി. ഇന്നു രാവിലെ 9.45ന് വീണ്ടും സ്റ്റേഷനില്‍ ഹാജരാകുകയും ഉച്ചയോടെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയയ്ക്കുകയും ചെയ്തു. വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ നാളെയോ മറ്റന്നാളോ കൊച്ചിയിലേക്കു മടങ്ങുമെന്ന് അവര്‍ അറിയിച്ചു. 

ഇന്നു രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിനു മുമ്പാണ് തന്റെ വാട്സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ എല്ലാം കഴിഞ്ഞ ദിവസം പൊലീസ് വിശദമായി പരിശോധിച്ചതായി അറിയിച്ചത്. മറ്റു രാജ്യങ്ങളുമായുള്ള തന്റെ ബന്ധവും ഇടപെടലുകളും പരിശോധിക്കുന്നതിനായിരുന്നു പൊലീസ് നടപടി എന്നാണു വ്യക്തമാക്കിയത്. രാജ്യങ്ങളുമായുള്ള ബന്ധം എന്നു പറയുന്നത് എന്താണെന്നു തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. ആയിഷയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ അഭിഭാഷക സാന്നിധ്യമില്ലാതെ ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെന്നു തോന്നിയാല്‍ ഇവരെ അറസ്റ്റു ചെയ്യാമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാം എന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷക സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും ഉത്തരവുള്ളതിനാലാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്കു പോകാതിരുന്നത്. 

അതേസമയം, കോടതി നല്‍കിയ ഇളവുകള്‍ ആയിഷ സുല്‍ത്താന ദുരുപയോഗം ചെയ്തതായി ലക്ഷദ്വീപ് ഭരണകൂടം ആരോപിച്ചു. ഇവര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സഞ്ചരിച്ചതായും യോഗങ്ങളില്‍ പങ്കെടുത്തതായും കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതു വസ്തുതാ വിരുദ്ധമാണെന്ന നിലപാടാണ് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ ഭരണകൂടത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com