'സ്‌ട്രൈക്ക് റേറ്റ്' കൂട്ടാന്‍ കോണ്‍ഗ്രസ്, ഇക്കുറി 95 സീറ്റില്‍

കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത് 87 സീറ്റുകളിലാണ്. ജയിപ്പിക്കാനായത് 22 പേരെ. 24 സീറ്റില്‍ മത്സരിച്ച് 18 പേരെ നിയമസഭയില്‍ എത്തിച്ച ലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് തീരെ കുറവ്
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍നിന്ന്/ആല്‍ബിന്‍ മാത്യു
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍നിന്ന്/ആല്‍ബിന്‍ മാത്യു

കൊച്ചി: 'കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക, കൂടുതല്‍ ജയം നേടുക'. മുന്നണിക്കുള്ളില്‍ സ്വാധീന ബലം നഷ്ടമാവുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോള്‍ ഇക്കുറി കോണ്‍ഗ്രസ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ഇതാണ്. 

യുഡിഎഫിലെ ധാരണ പ്രകാരം 95 സീറ്റിലാണ് ഇക്കുറി കോണ്‍ഗ്രസ്  മത്സര രംഗത്തുണ്ടാവുക. കഴിഞ്ഞ തവണത്തേക്കാള്‍ എട്ടു സീറ്റ് കൂടുതല്‍. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും എല്‍ഡിഎഫിലേക്കു ചേക്കേറിയതിലുടെ ഒഴിവു വന്ന 22 സീറ്റുകളാണ്, മുന്നണിയിലെ സീറ്റു വിഭജനത്തില്‍ വലിയ മാറ്റം വരുത്തിയത്. കേരള കോണ്‍ഗ്രസിന്റെ ശേഷിപ്പായി മുന്നണിയിലുള്ള ജോസഫ് വിഭാഗത്തിന് ഒന്‍പതു സീറ്റാണ് ഇക്കുറി കിട്ടുക. മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സീറ്റ് അധികമുണ്ടാവും.

കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത് 87 സീറ്റുകളിലാണ്. ജയിപ്പിക്കാനായത് 22 പേരെ. 24 സീറ്റില്‍ മത്സരിച്ച് 18 പേരെ നിയമസഭയില്‍ എത്തിച്ച ലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് തീരെ കുറവ്. യുഡിഎഫില്‍ കോണ്‍ഗ്രസ് അല്ല, ലീഗ് ആണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന, രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനം ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണ്. ബിജെപി മാത്രമല്ല, സിപിഎമ്മും ഈ വിമര്‍ശനം ഏറ്റെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇതു വലിയ ചര്‍ച്ചയാവുകയും ചെയ്തു.

കേരള കോണ്‍ഗ്രസും എല്‍ജെഡിയും പോയ ഒഴിവില്‍ വന്ന സീറ്റുകളില്‍ ആറെണ്ണമെങ്കിലും ലീഗ് കണ്ണുവച്ചിരുന്നു. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 30ല്‍ എത്തിക്കാനായിരുന്നു ലീഗിന്റെ ശ്രമം. ചര്‍ച്ചകള്‍ തുടങ്ങിയത് അങ്ങനെയങ്കിലും അത് പിന്നീട് 29ഉം ഒടുവിലെ ധാരണയില്‍ 27ഉം ആയി. വലിയ കോലാഹലം ഇല്ലാതെ തന്നെ ഈ റൗണ്ടില്‍ കോണ്‍ഗ്രസിനു വിജയം.

യുഡിഎഫില്‍ ജോസഫ് വിഭാഗം ഒഴികെയുള്ള പാര്‍ട്ടികളുമായി സീറ്റുധാരണ ആയിട്ടുണ്ട്. ജോസഫ് കഴിഞ്ഞ തവണ മത്സരിച്ച 15ല്‍ 12 സീറ്റുകള്‍ക്കായി വാദിക്കുന്നുണ്ട്. എട്ടോ ഒന്‍പതോ നല്‍കാം എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ജോസഫ് അതിലേക്ക് എത്തും എന്നു തന്നെയാണ് ഇപ്പോഴുള്ള സൂചന. ജോസഫ് കോവിഡ് ചികിത്സയില്‍ ആയതിനാലാണ് ചര്‍ച്ച നീളുന്നത്. 

ആര്‍എസ്പിക്ക് കഴിഞ്ഞ തവണത്തേതു പോലെ അഞ്ചു സീറ്റു തന്നെയായിരിക്കും ഇക്കുറിയും. മാണി സി കാപ്പന്റെ കേരള എന്‍സിപി, കേരള കോണ്‍ഗ്രസ് ജേക്കബ്, ഫോര്‍വേഡ് ബ്ലോക്ക്, സിഎംപി, ജനതാ ദളിലെ ശേഷിക്കുന്ന വിഭാഗം എന്നിവയ്ക്ക ഓരോ സീറ്റും നല്‍കും. ബുധനാഴ്ചയാണ് സീറ്റ് വിഭജന പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com