ചത്ത പൂച്ചയെ കുഴിച്ചിടാൻ 1000 രൂപ വേണം! ഖദർമുണ്ടു മടക്കികുത്തി തൂമ്പയെടുത്ത് പഞ്ചായത്ത് പ്രസിഡന്റ്  

വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദാണ് പൂച്ചയെ കുഴിച്ചുമൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ചത്ത പൂച്ചയെ കുഴിച്ചിടാൻ ഖദർമുണ്ടു മടക്കികുത്തി റോഡ‌ിലിറങ്ങി പഞ്ചായത്ത് പ്രസിഡന്റ്. ടൗണിലെ കൃഷിഭവനുമുന്നിൽ ദുർഗന്ധംപരത്തി ചത്തുകിടന്ന പൂച്ചയെ കുഴിച്ചിടാനാണ് പ്രസിഡന്റെത്തിയത്. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദാണ് പൂച്ചയെ കുഴിച്ചുമൂടിയത്. പത്തുമിനിറ്റ് ജോലിക്ക് കൂലിക്കാർ 1000 രൂപ പ്രതിഫലം ചോദിച്ചപ്പോഴാണ് മറിച്ചൊന്നാലോചിക്കാതെ മജീദ് തൂമ്പയെടുത്തത്. 

വട്ടംകുളം ടൗണിലെ കൃഷിഭവനുമുന്നിലാണ് ആരോ ചത്ത പൂച്ചയെ കൊണ്ടിട്ടത്. ദുർഗന്ധം സഹിക്കാനാവാതെ പരാതിയുമായി നാട്ടുകാർ നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങിയപ്പോൾ അടുത്തുള്ള തൊഴിലാളികളെ പ്രസിഡന്റ് നേരിട്ടുവിളിച്ചു. പക്ഷെ അവർ കൂലി കേട്ട് എല്ലാവരും ഞെട്ടി. പൂച്ചയെ കുഴിച്ചിടാൻ 1000 രൂപ വേണമെന്നായിരുന്നു ആവശ്യം. ഇതു കേട്ടപാടെ പ്രസിഡന്റ് ഒറ്റയ്ക്കെത്തി പൂച്ചയെ മറവുചെയ്തു. 

വെള്ള ഖദർമുണ്ടും ഷർട്ടുമിട്ട ഒരാൾ പൂച്ചയെ മറവുചെയ്യുന്നത് കണ്ടതോടെ ആളുകളും കൂടി. പിന്നീടാണ് അത് പ്രസിഡന്റ് തന്നെയാണെന്ന് മനസ്സിലായത്. ചിലർക്ക് ഈ കാഴ്ച കൗതുകമായതോടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com