പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടു
പിസി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍/ടെലിവിഷന്‍ ചിത്രം
പിസി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍/ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറിയതായി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിക്കും കത്തിന്റെ പകര്‍പ്പു നല്‍കി.

നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയില്ലെന്ന് ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് കേരളത്തില്‍ ഉള്ളത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമാണ് കേരളത്തിലുള്ളത്, കോണ്‍ഗ്രസ് ഇല്ല. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല. കേരളത്തിലെ ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് സംരക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ചാക്കോ പറഞ്ഞു.

നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത്. ഇതാണ് സ്‌ക്രീനിങ് കമ്മിറ്റിക്കു നല്‍കിയിട്ടുള്ളത്. യാതൊരു ജനാധിപത്യവുമില്ല. ഇത്തരമൊരു അവസ്ഥ മറ്റൊരു പാര്‍ട്ടിയിലുമില്ല. ആരൊക്കെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളതെന്ന് തനിക്ക് അറിയില്ലെന്ന് ചാക്കോ പറഞ്ഞു.

കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ വിഎം സുധീരനും താനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലവട്ടം രംഗത്തുവന്നിരുന്നു. എന്നാല്‍ സുധീരനെ കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്നു ഗ്രൂപ്പുകള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ചു പുറത്താക്കുകയായിരുന്നു. 

ദേശീയ തലത്തിലും കോണ്‍ഗ്രസ് നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നേതൃത്വത്തിനെതിരെ കത്ത് എഴുതിയ നേതാക്കളുടെ നടപടിയോടു യോജിപ്പില്ലെങ്കിലും അവര്‍ ഉയര്‍ത്തിയ കാര്യങ്ങളെ അനുകൂലിക്കുന്നതായി ചാക്കോ പറഞ്ഞു.

ഭാവി പരിപാടി എന്താണ് എന്ന ചോദ്യത്തിന് ഒന്നും തീരുമാനിച്ചില്ലെന്നായിരുന്നു ചാക്കോയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com