കടലിൽ വില്ലനായി ജല്ലി ഫിഷുകൾ, കാഴ്ചയിൽ സുന്ദരം, ആക്രമണത്തിൽ ജീവൻ വരെ അപകടത്തിലാകാം; ഭീതിയിൽ മത്സ്യത്തൊഴിലാളികൾ 

ഉത്തരമലബാറിൽ കടലിൽ കൂട്ടത്തോടെ കാണുന്ന ജല്ലി ഫിഷുകൾ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ ആശങ്ക പരത്തുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഉത്തരമലബാറിൽ കടലിൽ കൂട്ടത്തോടെ കാണുന്ന ജല്ലി ഫിഷുകൾ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ ആശങ്ക പരത്തുന്നു.  കൂട്ടത്തോടെ കാണുന്ന ജല്ലി ഫിഷുകളുടെ ആക്രമണത്തെ പേടിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ മടിക്കുകയാണ്. വല നശിപ്പിക്കുക മാത്രമല്ല, ഇവയുടെ ആക്രമണം തൊഴിലാളികളുടെ ജീവൻ വരെ അപകടത്തിലാക്കും. വെള്ളയും, ചുവപ്പും നിറത്തിൽ കടലിൽ  ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവയെ കാണുന്നത്. പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ഇവ അപകടകാരികളാണ്. 

കാഴ്ചയിൽ സുന്ദരമെങ്കിലും വിഷവാഹകരാണ് ഈ ജെല്ലി ഫിഷുകൾ. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ, കോശങ്ങൾ എന്നിവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ജല്ലി ഫിഷിന്റെ ശരീരത്തിലുള്ളത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വിഷമായതിനാൽ കടലിൽ വച്ച് കുത്തേറ്റ വ്യക്തിയെ കരയ്ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിക്കാം. രക്ഷപ്പെടുകയാണെങ്കിൽ ആഴ്ചകളോളം കടുത്ത ശരീര വേദന അനുഭവപ്പെടും. 

ഇവ കൂട്ടത്തോടെ വലയിൽ കയറിയാൽ വെള്ളം വാർ‌ന്നു പോകാതെ വല പൊട്ടിപ്പോകും. പരമ്പരാഗത– മോട്ടർ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കാണ്  ഇവ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇങ്ങനെ മത്സ്യത്തൊഴിലാളികൾക്ക് കടുത്ത ഭീഷണിയാവുകയാണ് ജെല്ലി ഫിഷുകൾ. ഒന്നര കിലോ വരെയാണ് പൂർണ വളർച്ചയെത്തിയ ജല്ലി ഫിഷിന്റെ ഭാരം. കടലിലെ കാലാവസ്ഥ മാറ്റമാകാം ഇവയുടെ സാന്നിധ്യത്തിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com