തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച് പ്രവർത്തകർ. പാർട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു പ്രവർത്തകരുടെ വിജയാഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരുവിൽ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ നടന്ന വിജയാഘോഷത്തിൽ പങ്കെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള എകെജി സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തിൽ ചേർന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർ ഭരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ദിവസം വിജയ ദിനം എന്ന നിലയിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ മറ്റു തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും റാലികളുമൊന്നും സംഘടിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഓരോ വീടുകളിലും കുടുംബാംഗങ്ങളും മറ്റുള്ളവരും ചേർന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വെളിച്ചം ജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രതീകാത്മകമായ ഒരു പരിപാടിയാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക