അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ഒരം​ഗത്തിന് മാത്രം പുറത്ത് പോകാം; മാനദണ്ഡങ്ങൾ ലംഘിച്ചാൽ കേസ്; കൊച്ചിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ഒരം​ഗത്തിന് മാത്രം പുറത്ത് പോകാം; മാനദണ്ഡങ്ങൾ ലംഘിച്ചാൽ കേസ്; കൊച്ചിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുളള സമ്പൂർണ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കൊച്ചി ന​ഗരത്തിൽ കർശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഐപി എസ്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗം മാത്രം പുറത്ത് പോയി വരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ലംഘിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ 2005 - ലെ ദുരന്ത നിവാരണ നിയമം, 2020 - ലെ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കൂടാതെ ഇൻഡ്യൻ ശിക്ഷാ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് എടുക്കും. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും അവശ്യ സേവനം ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . കൊച്ചി കമ്മീഷണറേറ്റിന്റെ അതിർത്തികളിൽ ശക്തമായ വാഹന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളിൽ പറയും പ്രകാരമുളള അവശ്യ സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളും ഓഫീസുകളും തടസമില്ലാതെ പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മറ്റും രാത്രി 7.30 മണിക്ക് അടയ്ക്കുന്നത് ഉറപ്പാക്കും. വിവിധ വകുപ്പ് ജീവനക്കാർ അവശ്യ സേവനം നല്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് തിരിച്ചറിയൽ രേഖകളുമായി യാത്ര ചെയ്യാവുന്നതാണ് . 

കോവിഡ് വാക്സിനേഷന് പോകുന്നവർ രജിസ്റ്റർ ചെയ്ത രേഖകൾ കൈയിൽ കരുതേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും , രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ട്രെയിൻ, വിമാന ടിക്കറ്റുകൾ കാണിക്കേണ്ടതാണ്. അന്തർ സംസ്ഥാന ചരക്ക് ഗതാഗത്തിന് തടസമില്ല. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ പങ്കെടുക്കുന്നരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ടാക്സികൾ, ഓട്ടോകൾ എന്നിവ അടിയന്തര ആശുപ്രതി യാത്രയ്ക്കും വിമാന ട്രെയിൻ യാത്രികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാം. അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

ആൾക്കൂട്ടമുണ്ടാകുന്ന ഒരുതരത്തിലുളള കൂട്ടായ്മകളും അനുവദിക്കുന്നതല്ല. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയും, ക്വാറന്റൈയിൻ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ തുടരും. എല്ലാവരും ഇരട്ട മാസ്ക് ധരിക്കേണ്ടതാണ്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രസ്തുത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതുമല്ല. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനു കൈമാറുന്നതാണ്.

കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല . സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താതും സാമൂഹിക അകലം പാലിക്കാത്തതും സന്ദർശകരുടെ ലിസ്റ്റ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു . 

ഓക്സിജൻ സിലിണ്ടറുകൾ, ഓക്സി ടാങ്കറുകൾ, ഡോക്ടർമാർ, നഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് സുഗമമായ യാത്ര യ്ക്കായി ബാരിക്കേഡ് വെച്ച ഫാസ്റ്റ് ട്രാക്ക് ചാനൽ ഉണ്ടായിരിക്കുന്നതാണ്. മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന  കൊച്ചി പാലം, കുമ്പളങ്ങി പാലം, ഗുണ്ടുപറമ്പ്, കമാലക്കടവ് ജങ്കാർ ജെട്ടി, കാറ്റു മുക്ക്, വരാപ്പുഴ പാലം, പാതാളം പാലം, മനക്കകടവ് പാലം, പുത്തൻകാവ് ജംഗ്ഷൻ, പെരിങ്ങാല ജംഗ്ഷൻ, പ്രീമിയർ ജംഗ്ഷൻ, കുമ്പളം എന്നീ സ്ഥലങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധന നടത്തും. കൂടാതെ 100 ഓളം പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com