മുല്ലപ്പള്ളിയെ മാറ്റും, കെപിസിസിയില്‍ അഴിച്ചുപണി ഉടന്‍; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. ഒരു മാസത്തിനുള്ളില്‍ കെപിസിസിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്കു നല്‍കിയിട്ടുണ്ട്. 

പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്ഥാനമൊഴിയാന്‍ തയാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും ശിരസാ വഹിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. 

മുല്ലപ്പള്ളിയുടെ പിന്‍ഗാമിയെ സംബന്ധിച്ച് നേതൃത്വത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തും. അതോടൊപ്പം പാര്‍ട്ടിയില്‍ മറ്റു മാറ്റങ്ങളും ഉണ്ടാവുമെന്നാണ് സൂചന.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പു തള്ളിയാണ്, വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അവസാന നിമിഷം വരെ എതിര്‍പ്പുയര്‍ത്തിയ നേതാക്കളോട് ഈ തീരുമാനം അംഗീകരിച്ചേ പറ്റൂവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com