ഇത്തവണ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം കാണാം; സ്‌കൂളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍; വിദ്യാഭ്യാസമന്ത്രി

ആദ്യ ആഴ്ച മുന്‍വര്‍ഷത്തെ പഠനത്തെ ബന്ധിപ്പിക്കുന്ന വിധം ബ്രിഡ്ജ് ക്ലാസായിരിക്കും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തുന്നു / ടെലിവിഷന്‍ ദൃശ്യം
തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തുന്നു / ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: വെര്‍ച്വല്‍ പ്രവേശനത്സവത്തോടെ ജൂണിന് ഒന്നിന് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.കോവിഡ് സാഹചര്യമായതിനാല്‍ ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ ഡിജിറ്റല്‍ ക്ലാസുകളും പിന്നീട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംവിധാനവും ഏര്‍പ്പെടുത്തും.  ഡിജിറ്റല്‍ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠം ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. തുടക്കത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ക്ലാസുകളും മുന്‍ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി.

കോവിഡായതിനാല്‍ പ്രവേശനോത്സവം വെര്‍ച്വല്‍ ആയി നടത്തും. രാവിലെ 9.30 കൈറ്റ് വിക്ടോഴ്‌സ് ചാനലില്‍ പ്രോഗ്രാം ആരംഭിക്കും. 11 മണിക്കു സ്‌കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും. ജനപ്രതിനിധികളും സ്‌കൂള്‍ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡി മൂല്യനിര്‍ണയം ജൂണ്‍ 1ന് ആരംഭിച്ച് 19ന് അവസാനിക്കും. എഎസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാം ആഴ്ച തുടങ്ങും. പിഎസ്‌സി അഡ്വൈസ് ലഭിച്ച അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും നിയമന ഉത്തരവ് നല്‍കിയെങ്കിലും സ്‌കൂള്‍ തുറക്കുമ്പോള്‍ ജോലിയില്‍ ചേരാം എന്നാണ് അറിയിച്ചിരിക്കുന്നത്. സ്‌കൂള്‍ എന്നു തുറക്കുമെന്നു ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com