ഇരു മന്ത്രിമാരും മരംമുറിയെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്നു, അതിനേക്കാള്‍ ഗൗരവം മുഖ്യമന്ത്രിയുടെ മൗനം: വി ഡി സതീശന്‍ 

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വി ഡി സതീശന്‍ മാധ്യമങ്ങളോട്‌
വി ഡി സതീശന്‍ മാധ്യമങ്ങളോട്‌

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരംമുറിയെ കുറിച്ച് അറിഞ്ഞില്ല എന്ന് പറഞ്ഞ് വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും വിലപിക്കുകയാണ്. അതിനേക്കാള്‍ ഗൗരവം ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെയാണ്് മരംമുറിക്കാനുള്ള  ഉത്തരവ് ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനവും വഹിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കൂടാതെ അന്തര്‍സംസ്ഥാന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പെട്ടതാണ്. മരംമുറിയുമായി ബന്ധപ്പെട്ട മൂന്ന് യോഗങ്ങളിലും സംബന്ധിച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. എന്നിട്ടും സര്‍ക്കാര്‍ മരംമുറി അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പറയുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സതീശന്‍ ആവര്‍ത്തിച്ചു. 

ടി കെ ജോസിന്റെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ല എന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്. എന്നാല്‍ നിയമസഭയില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ വായിച്ചത് അന്ന് നടന്ന യോഗത്തിന്റെ മിനിറ്റ്‌സാണ്. എന്നാല്‍ മരംമുറിക്കാനുള്ള തീരുമാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഇരുമന്ത്രിമാരും പറയുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മരംമുറിക്കാന്‍ അനുമതി നല്‍കി എന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാം 152 അടിയായി ഉയര്‍ത്തേണ്ടി വരും. പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം ദുര്‍ബലമാകാനും ഇത് കാരണമാകും. ഇതോടെ സുപ്രീംകോടതിയില്‍ കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. കേസില്‍ സംസ്ഥാനത്തിന്റെ വാദം ദുര്‍ബലമാക്കാന്‍ ഇടയാക്കുമെന്ന് കരുതുന്ന ഇത്തരം വീഴ്ചകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com