രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വോട്ടെടുപ്പ് 29ന്

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി
ശൂരനാട് രാജശേഖരന്‍/ ഫയല്‍ ചിത്രം
ശൂരനാട് രാജശേഖരന്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രാജശേഖരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ജോസ് കെ മാണി ഇടതു സ്ഥാനാര്‍ത്ഥി

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ജോസ് കെ മാണി ഇനന്‌ലെ ഇടതുനേതാക്കള്‍ക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം ഒഴിഞ്ഞത്.

തുടര്‍ന്ന് പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും യുഡിഎഫിലെ മാണി സി കാപ്പനോട് പരാജയപ്പെട്ടു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി 11 മുതല്‍ ഒഴിവുവന്ന സീറ്റിന്റെ കാലാവധി 2024 ജൂലൈ ഒന്ന് വരെ ആണ്.

കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്  എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

പത്രികകളുടെ സൂക്ഷ്മ പരിശോധന – നവംബർ 17ന്

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന – നവംബർ 17ന് നടക്കും. നവംബർ 22 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നവംബർ 29 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ അന്നുതന്നെ വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാവും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ ഒന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com