ഈ കുട്ടി ഇനി എങ്ങനെ ഒരു പൊലീസ് ഉദ്യേഗസ്ഥനെ സമീപിക്കും?; ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ടുവയസുള്ള കുട്ടിയെ  അപമാനിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്നും നിശിതവിമര്‍ശനം ഉണ്ടായത്. ഈ ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും
തെറ്റ് മനസിലാക്കി തുടക്കത്തിലേ ക്ഷമ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.  
ദൃശ്യങ്ങളില്‍ കുട്ടി തുടക്കം മുതല്‍ കരയുകയാണ്. എന്നിട്ടുംപോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല കോടതി നിരീക്ഷിച്ചു. 

പൊലീസ് യൂണിഫോമിന് ഒരു ഉത്തരവാദിത്വം ഉണ്ടെന്നത്‌ എല്ലാ പൊലീസുകാരും മനസിലാക്കണം. പൊലീസില്‍ നിന്ന് ഇത്രയും മോശം ഒരു സമീപനം നേരിട്ട കുട്ടി ഇനി ഒരാവശ്യത്തിന് എങ്ങനെയാണ് പൊലീസിനെ സമീപിക്കുകയെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ?. ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കല്‍പിച്ചില്ല.  ഇത് ചോദ്യം ചെയ്ത പൊതുജനത്തിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും പൊലീസ് യൂണിഫോമിലായിരുന്നില്ലെങ്കില്‍ ആ സ്ത്രീക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് അടികിട്ടുമായിരുന്നെന്നും കോടതി വ്യക്തമാക്കി. 

സംഭവത്തില്‍ ഡിജിപിയോട് കോടതി റിപ്പോര്‍ട്ട് അവശ്യപ്പെട്ടു. പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കാനാണ് നിര്‍ദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു. സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോള്‍ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കില്‍ കോടികള്‍ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ.വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു. കേസ് ഡിസംബര്‍ 7ന് വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com