ദുബായ് എക്‌സ്‌പോ: വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു;  പ്രതിഷേധാര്‍ഹമെന്ന് പി രാജീവ്

കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യവാരം സന്ദര്‍ശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്
മന്ത്രി പി രാജീവ്
മന്ത്രി പി രാജീവ്

കൊച്ചി: ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ക്കായി യു. എ.ഇ സന്ദര്‍ശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

എക്‌സ്‌പോയിലെ കേരള പവലിയന്‍ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുമായി നവംബര്‍ 10 മുതല്‍ 12 വരെ ദുബായ് സന്ദര്‍ശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രാനുമതി തേടിയത്. എന്നാല്‍ ഈ തീയതികളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യവാരം സന്ദര്‍ശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും
വാണിജ്യ വ്യവസായ മന്ത്രാലയവും ചേര്‍ന്നാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 6 വരെയാണ് കേരള പവലിയന്‍ ഒരുക്കുന്നത്. ഒക്ടോബറില്‍ ആരംഭിച്ച എക്‌സ്‌പോ അടുത്ത വര്‍ഷം മാര്‍ച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്‌സ്‌പോ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് മേധാവികളെ അയക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com