മുട്ടിൽ മരംമുറി കേസ്; സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് സർക്കാർ

മുട്ടിൽ മരംമുറി കേസ്; സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് സർക്കാർ
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് സർക്കാർ മരവിപ്പിച്ചു. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയത്. 

ലക്കിടി ചെക്ക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സർവീസിൽ തിരിച്ചെടുത്ത് കൊണ്ട് ഉത്തരവിറക്കിയത്. സസ്പെൻഷൻ പിൻവലിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയായിരുന്നു നടപടി. 

എന്നാൽ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ വിനോദ്കുമാർ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.

അതേസമയം മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. അഗസ്റ്റിൻ സഹോദരങ്ങളെ കൂടാതെ ഡ്രൈവർ വിനീഷിനും ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ വനം വകുപ്പിൻറെ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ പ്രതികൾക്ക് പുറത്തിറങ്ങാനാകു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com