വിദഗ്ധസംഘം വീട്ടിലെത്തി പരിശോധന നടത്തുന്നു /ടെലിവിഷന്‍ ചിത്രം
വിദഗ്ധസംഘം വീട്ടിലെത്തി പരിശോധന നടത്തുന്നു /ടെലിവിഷന്‍ ചിത്രം

വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന് കാരണം? പരിശോധനയിലെ കണ്ടെത്തല്‍ ഇങ്ങനെ

വിവിധ ഭാഗങ്ങളിൽ നിന്ന്  വീട് നിൽക്കുന്ന പറമ്പിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്


കോഴിക്കോട്: പോലൂരിലെ വീടിനുള്ളിൽ നിന്ന് അജ്ഞാത ശബ്ദം കേൾക്കുന്നത് സോയിൽ പൈപ്പിങ്(കുഴലീകൃത മണ്ണൊലിപ്പ്) കാരണം  ആണെന്ന് വിലയിരുത്തൽ. വീടിരിക്കുന്ന സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ(National Center for Earth Science Studies) സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. 

വിവിധ ഭാഗങ്ങളിൽ നിന്ന്  വീട് നിൽക്കുന്ന പറമ്പിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ആവാം ശബ്ദത്തിന് കാരണം എന്ന് നി​ഗമനം. ഭൗമശാസ്ത്രജ്ഞൻ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകും.

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിർമ്മാണം എന്നും പരിശോധിച്ചു. മുഴക്കത്തിന്റെ കാരണം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും പുറത്ത്  വിടുന്ന മർദ്ദം, ഖനനം തുടങ്ങിയവാം  ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി വിലയിരുത്തുന്നത്. 

പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് മുഴക്കം കേൾക്കുന്നത്. രണ്ടാഴ്ചയായി ഇത് തുടരുന്നു. രണ്ടാം നില നിർമ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളിൽ ചില അജ്ഞാത ശബ്ദങ്ങൾ  കേൾക്കാൻ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേൾക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളിൽ ഇത്തരം പ്രതിഭാസമൊന്നും  അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിലെ നിലയിൽ നിന്നും മുകളിലെ നിലയിലെത്തുമ്പോൾ താഴെ നിലയിൽ നിന്നുമാണ് അജ്ഞാത ശബ്ദം കേൾക്കുന്നത്.  ഹാളിൽ പാത്രത്തിനുള്ളിൽ വെള്ളം നിറച്ചുവച്ചപ്പോൾ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com