49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തി; കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനെപ്പറ്റി നേരത്തെ പരാതി ലഭിച്ചിരുന്നു : മന്ത്രി വാസവന്‍

സഹകരണബാങ്കുകളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു
മന്ത്രി വി എൻ വാസവൻ നിയമസഭയിൽ / ഫയൽ
മന്ത്രി വി എൻ വാസവൻ നിയമസഭയിൽ / ഫയൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി സര്‍ക്കാര്‍. സഹകരണബാങ്കുകളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. 2019 ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും വാസവന്‍ പറഞ്ഞു. അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

ഇത്തരത്തിലുള്ള ക്രമക്കേടുകള്‍  ബാങ്കുകളില്‍ കൂടുതല്‍ സംഭവിക്കുന്നത് ഓഡിറ്റ് സംവിധാനത്തിലെ പോരായമകളാണ് എന്നതിനാല്‍ , കുറ്റമറ്റ രീതിയില്‍ ഓഡിറ്റ് സംവിധാനം പുതുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി. 

കരുവന്നൂര്‍ സഹകരണബാങ്കില്‍ 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്കില്‍ ഒരേ ഭൂമിയുടെ ആധാരങ്ങള്‍ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി. കേസില്‍ ഭരണസമിതിയിലുള്‍പ്പെട്ട സിപിഎം നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു. ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com