ഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം ; ഇടമലയാറിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി തുറക്കുന്നതിന് മുന്നോടി

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്.

എന്നാൽ   ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ കലക്ടർ ജാഫര്‍ മാലിക് അറിയിച്ചു.


ജലം ഒഴുക്കുന്നത് 100 ക്യൂബിക് മീറ്റർ / സെക്കന്റ് എന്ന  അളവിൽ

തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. എങ്കിലും  പുഴയുടെയും കൈവഴികളുടെയും സമീപത്ത്  താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. 

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടണമെന്നും കലക്ടർ നിർദേശിച്ചു.  കോവിഡ് രോഗികളെയും, കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. 

ഇടുക്കിയിൽ നാളെ അപ്പർ റൂൾ ലെവലിലെത്തും

ഇടുക്കിയിലെ ജലനിരപ്പ് ഇന്ന് റെഡ് അലര്‍ട്ടിലെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലനിരപ്പ് നാളെ രാവിലെ  അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയിലും എത്താന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളതെന്നും കലക്ടര്‍ സൂചിപ്പിച്ചു. 

ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com