ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു; വിടവാങ്ങിയത് അര്‍ബുദ ചികിത്സാരംഗത്തെ അതികായന്‍

രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധരിലൊരാളായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു.
ഡോ. എം കൃഷ്ണന്‍ നായര്‍
ഡോ. എം കൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധരിലൊരാളായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും. 

പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939-ൽ ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 1965 ൽ എംബിബിഎസ് പാസായ കൃഷ്‌ണൻ നായർ പഞ്ചാബ് സർവകലാശാലയിലും തുടർന്ന് ലണ്ടനിലുമായിട്ടാണ് ഉപരിപഠനം പൂർത്തിയാക്കിയത്.

രാജ്യത്ത് ആദ്യമായി കുട്ടികളുടെ കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് തുടക്കമിട്ടു
 

ആര്‍സിസിയുടെ വളര്‍ച്ചയില്‍ നിര്‍ണയാകമായ പങ്ക് വഹിച്ചയാളാണ് ഡോ. എം കൃഷ്ണന്‍ നായര്‍. സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സമഗ്ര കാന്‍സര്‍ സെന്ററുകളിലൊന്ന് സ്ഥാപിക്കുന്നതിനും കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ ഇന്ത്യയില്‍ ആദ്യമായി പ്രോഗ്രാമുകള്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിലെ അംഗമായിരുന്നു. ലോകാരോഗ്യ സംഘടനയില്‍ ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവില്‍, ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സിടിജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആദ്യമായി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ ചെലവുകുറഞ്ഞതുമായ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി അദ്ദേഹം അവതരിപ്പിച്ചു. പ്രതിരോധത്തിനും നേരത്തേ കണ്ടെത്തുന്നതിനുമായി അഞ്ച് ജില്ലാതല പെരിഫറല്‍ സെന്ററുകളും ടെര്‍മിനല്‍ കാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ ലഭ്യതയോടെ വേദന പരിഹാരവും സാന്ത്വന പരിചരണ ശൃംഖലയും സ്ഥാപിച്ചു.

ദേശീയതലത്തില്‍, അസോസിയേഷന്‍ ഓഫ് റേഡിയേഷന്‍ ഗൈനക്കോളജിസ്റ്റുകളുടെ പ്രസിഡന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് അംഗം, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്‌നോളജി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിലെ പശ്ചാത്തല വികിരണത്തിന്റെ മനുഷ്യന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി. വൈദ്യശാസ്ത്രരംഗത്ത് മുന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് രാജ്യം പത്മശ്രീനല്‍കി ആദരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com