അഭിഭാഷകന്‍ ബസന്ത് ബാലാജി അടക്കം എട്ടുപേരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

വി എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടുപേരാണ് പട്ടികയിലുള്ളത്. 

ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകന്‍ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പന്‍, സഞ്ജീത കെ അറയ്ക്കല്‍,  ടി കെ അരവിന്ദ കുമാര്‍ ബാബു എന്നിവരെയാണ് ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതിന് പുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി ജി അജിത് കുമാര്‍, സി എസ് സുധ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

വി എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍മാരായിരുന്നു ശോഭ അന്നമ്മ ഈപ്പനും, സഞ്ജീത  കെ അറയ്ക്കലും. ഒന്നാം പിണറായി സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ടി കെ അരവിന്ദ കുമാര്‍ ബാബു. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായും അരവിന്ദ കുമാര്‍ ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് നിലവില്‍ സോഫി തോമസ്. ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജില്ലാ ജുഡീഷ്യറി) ആണ് പി ജി അജിത് കുമാര്‍. സി ജയചന്ദ്രന്‍ കോട്ടയം ജില്ലാ ജഡ്ജിയും സിഎസ് സുധ എറണാകുളം ജില്ലാ ജഡ്ജിയുമാണ്. മദ്രാസ്, രാജസ്ഥാന്‍, അലഹബാദ്, ജാര്‍ഖണ്ഡ്, കൊല്‍ക്കട്ട ഹൈക്കോടതികളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com