'അപമാനിക്കുന്നവരോട് സന്ധിയില്ല, പുരുഷന്‍ മുതലാളി സ്ത്രീ തൊഴിലാളി എന്ന രീതി തുടരാനാവില്ല' ; 'ഹരിത' തുറന്ന പോരിന്

ഹരിതയെ പിരിച്ചുവിട്ട നടപടി കേരള സമൂഹം ചര്‍ച്ച ചെയ്യുന്നു
മുഫീദ തെസ്നി / ഫെയ്സ്ബുക്ക് ചിത്രം
മുഫീദ തെസ്നി / ഫെയ്സ്ബുക്ക് ചിത്രം

മലപ്പുറം : സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഹരിത. അപമാനിക്കുന്നവരോട് സന്ധിയില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി. തെറ്റിനെതിരെ വിരല്‍ ചൂണ്ടിയില്ലെങ്കില്‍ കുറ്റബോധം ഉണ്ടാകും. അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാവില്ലെന്നും മുഫീദ ഒരു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ് പ്രതികരിച്ചത്.  പുരുഷന്‍ മുതലാളി സ്ത്രീ തൊഴിലാളി എന്ന രീതി തുടരാനാവില്ല. എംഎസ്എഫ് നേതാക്കളുടെ ലൈംഗിക അധിക്ഷേപത്തിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമല്ല. 

വനിതാ കമ്മീഷനെ സമീപിച്ചത് ഭരണഘടനാ പരമായ അവകാശമാണ്. നിയമ നടപടികളുമായി ഹരിത മുന്നോട്ടുപോകും. ഹരിതയെ പിരിച്ചുവിട്ട നടപടി കേരള സമൂഹം ചര്‍ച്ച ചെയ്യുന്നു. ലീഗ് പ്രത്യയശാസ്ത്രത്തിനോ നയങ്ങള്‍ക്കോ എതിരെയല്ല പോരാട്ടമെന്നും മുഫീദ പറയുന്നു. എല്ലാ പാര്‍ട്ടിയും സ്ത്രീ വിരുദ്ധത ഉള്ളില്‍ പേറുന്നുവെന്നും ഹരിത സംസ്ഥാന അധ്യക്ഷ ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഹരിതയുടേത് കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ സംസ്ഥാന കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറാകാതിരുന്നതാണ് പിരിച്ചുവിടല്‍ നടപടിക്ക് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com