വരുന്നു വാട്ടര്‍, ഫാം ടൂറിസം;  കിരീടം ടൂറിസം പദ്ധതി നിര്‍ദേശം അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

കിരീടം ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കാന്‍ നടപടി. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും നേമം മണ്ഡലത്തിലുള്ള പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
മന്ത്രിമാര്‍ കിരീടം പാലം സന്ദര്‍ശിച്ചപ്പോള്‍
മന്ത്രിമാര്‍ കിരീടം പാലം സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: കിരീടം ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കാന്‍ നടപടി. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും നേമം മണ്ഡലത്തിലുള്ള പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ധതി സംബന്ധിച്ച നിര്‍ദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അതിമനോഹരമായ സ്ഥലമാണെന്നും വാട്ടര്‍ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക ടൂറിസം ദിനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ആണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. 

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും പാര്‍വതിയും നയികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് കിരീടം. സിനിമയിലെ മുഖ്യ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകന്‍ പാലം എന്നും അറിയപ്പെട്ടു.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com