കളിക്കാന്‍ കൂട്ടുകാരില്ല, തമിഴ്‌നാട്ടിലേക്ക് നടന്നു പോകാന്‍ 9കാരന്റെ ശ്രമം, 12 മണിക്കൂറിന് ശേഷം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2021 08:44 AM |
Last Updated: 09th April 2021 08:44 AM | A+A A- |

ഫയല്‍ ചിത്രം
ചേർപ്പ്: കളിക്കാൻ കൂട്ടുകാരില്ലാത്തതിനാൽ തമിഴ്നാട്ടിലെ നാമക്കലിലേക്ക് നടന്നു പോവാൻ ശ്രമിച്ച് ഒൻപതുവയസുകാരൻ. വല്ലച്ചിറ നിന്ന് പുറപ്പെട്ട കുട്ടിയെ 30 കിലോമീറ്റർ അകലെ കൊടകരയിൽ കണ്ടെത്തി.
സഹോദരിയുടെയും കൂട്ടുകാരുടെയും അടുത്തെത്തുക ലക്ഷ്യമിട്ടാണ് കുട്ടി നടത്തം ആരംഭിച്ചത്. കാണാതായി 12 മണിക്കൂർ പിന്നിട്ടതിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലച്ചിറ ഓടൻചിറ റഗുലേറ്ററിനടുത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകനാണ് കൂട്ടുകാരില്ലാത്ത വിഷമത്തിൽ നാടുവിടാൻ തുനിഞ്ഞത്.
കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതോടെ നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ കുട്ടിയുടെ ഫോട്ടോയും ഫോൺ നമ്പറും പ്രചരിപ്പിച്ചും അന്വേഷിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ടിരുന്ന ഒരു ഓട്ടോ ഡ്രൈവർ രാത്രി കൊടകരയിൽ വച്ച് കുട്ടിയെ തിരിച്ചറിഞ്ഞു. തന്നെ തമിഴ്നാട്ടിലെ സഹോദരിയുടെ അടുത്തെത്തിക്കണണമെന്നാവശ്യപ്പെട്ടാണ് കുട്ടി ഓട്ടോക്കാരനെ സമീപിച്ചത്.
ഓട്ടോക്കൂലിയായി 50 രൂപയും നീട്ടി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ കണ്ട നമ്പറിലേക്ക് വിളിച്ചറിയിച്ചത് അനുസരിച്ചു വീട്ടുകാർ എത്തുമ്പോഴേക്ക് കുട്ടി സഥലം വിട്ടിരുന്നു. ഓട്ടോ ഡ്രൈവർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞു. പിന്നാലെ മറ്റൊരു സ്ഥലത്ത് കുട്ടിയെ കണ്ട് സംശയം തോന്നിയവർ രാത്രി പത്തുമണിയോടെ കൊടകര സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി.
കുട്ടിയെ തമിഴ്നാട്ടിലെ വീട്ടിൽ നിന്നു 15 ദിവസം മുൻപാണ് മാതാപിതാക്കൾ വല്ലച്ചിറയിലേക്കു കൊണ്ടുവന്നത്. ഇവിടെ കൂട്ടുകാർ ഇല്ലാത്തതിന്റെ വിഷമത്തിലാണ് താൻ സഹോദരിയുടെയും സുഹൃത്തുക്കളുടെയും അടുത്തേക്കു പോകാൻ ശ്രമിച്ചതെന്നു കുട്ടി പറഞ്ഞു.