രതീഷിന്റെത് ആത്മഹത്യ; ലീഗ് പ്രവര്‍ത്തകരുടെ മൊഴിയില്‍ തെറ്റായി പ്രതി ചേര്‍ത്തെന്ന് എംവി ജയരാജന്‍

മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനം നൊന്താണ് സിപിഎം പ്രവര്‍ത്തകന്‍ രതീഷ് ആത്മഹത്യ ചെയ്തതെന്ന് എംവി ജയരാജന്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനം നൊന്താണ് സിപിഎം പ്രവര്‍ത്തകന്‍ രതീഷ് ആത്മഹത്യ ചെയ്തതെന്ന് എംവി ജയരാജന്‍. രതീഷിന്റെ ആത്മഹത്യയെ ചിലര്‍ കൊലപാതകമായി ചിത്രീകരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയതായും ജയരാജന്‍ പറഞ്ഞു. 

രതീഷിനെ അന്യായമായി പ്രതിചേര്‍ത്തതില്‍ അവന്‍ മാനസികമായി ഏറെ പ്രയാസത്തിലായിരുന്നെന്ന് അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മകനെ പ്രതിചേര്‍ക്കുകയായിരുന്നു. കളളക്കേസില്‍ കുടുക്കിയ അവരാണ് മകന്റെ മരണത്തിന് ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം രതീഷിന്റെ ദുരൂഹമരണത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പു വരെ രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രതീഷിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.

മറ്റുപ്രതികളില്‍ ചിലര്‍ സ്ഥലംവിടുകയും നാലാം പ്രതിയായ ശ്രീരാഗിനൊപ്പം കുറച്ചധികം സമയം രതീഷ് ചെലവഴിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചെക്യാടുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രതീഷിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചു.

സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ രതീഷിനെ (35) വെള്ളിയാഴ്ച വൈകിട്ടാണു നാദാപുരം ചെക്യാട് കായലോട്ട് താഴെ അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെ റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തു പരിശോധന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com