ജലീല്‍ കുറ്റക്കാരനെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; കൈയോടെ പിടികൂടിയപ്പോള്‍ നിവൃത്തികെട്ടാണ് രാജി; വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2021 03:31 PM  |  

Last Updated: 13th April 2021 03:31 PM  |   A+A-   |  

v_muralidharan

വി മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു/ ടെലിവിഷന്‍ ദൃശ്യം

 

ന്യൂഡല്‍ഹി:  മന്ത്രി കെടി ജലീലിന്റെ രാജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്ന് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരന്‍. ജലീല്‍ കുറ്റക്കാരനാണെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. ധാര്‍മ്മികതയുടെ പേരിലാണ് ജലീല്‍ രാജിവെച്ചതെങ്കില്‍ ആദ്യം രാജിവെക്കേണ്ടത് പിണറായിയാണെന്ന് വി മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജലീലിനെ രക്ഷിക്കാനല്ല, മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണ് മന്ത്രി എകെ ബാലന്‍ രംഗത്തുവന്നത്. സത്യപ്രതിജ്ഞാ ലംഘനവും നഗ്നമായ അഴിമതിയുമാണ് ഇരുവരും നടത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുന്നത് സിപിഎം സര്‍ക്കാരിന്റെ നയമാണോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു

കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികെട്ടാണ് ജലീല്‍ രാജിവെച്ചത്. മാധ്യമവേട്ടയും ഇരവാദവും ഉയര്‍ത്തികൊണ്ടാണ് ജലീല്‍ ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം അപഹാസ്യമാണ്. ജലീലിന്റെ മാന്യത കേരളത്തിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുഎഇ കോണ്‍സുലേറ്റുമായി അതിരുകടന്ന ബന്ധം എല്ലാവര്‍ക്കും അറിയാം. അന്വേഷണ ഏജന്‍സി വിളിപ്പിച്ചപ്പോള്‍  പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോയ ആളാണ് ഇപ്പോള്‍ മാന്യത പറയുന്നത്. മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ജലീലെന്നും മുരളീധരരന്‍ പറഞ്ഞു.