വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്‌സിനേഷന്‍ മൂന്ന് ഘട്ടമായി; വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ നടപടി തുടങ്ങി

രണ്ടോ മൂന്നോഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം
പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്സിന്‍  നല്‍കാന്‍ പൊതുധാരണ ആയിട്ടുണ്ട്. 
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്‍റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന്‍ നല്‍കുന്നതില്‍  ക്രമീകരണം കൊണ്ടുവരേണ്ടിവരും.  അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.  അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. 

കേന്ദ്രത്തിന്‍റെ നേരത്തെയുള്ള വാക്സിന്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങുക മാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വാക്സിന്‍ കമ്പിനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച്  വാക്സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com