'അവര്‍ണ്ണനായതുകൊണ്ടാണോ എന്നെ മാത്രം വേര്‍തിരിച്ചു കണ്ടത്; വേദിയില്‍ ആദരിക്കപ്പെടുകയായിരുന്നില്ല, അപമാനിക്കപ്പെടുകയായിരുന്നു'; തെയ്യം കലാകാരന്റെ കുറിപ്പ്

ജാതീയത മനസില്‍ പോറ്റുന്നവര്‍ മേലില്‍ ഇത്തരം വേദികളില്‍ എന്നെ വിളിച്ചേക്കരുത്
ചിത്രം ഫെയ്‌സ്ബുക്ക്‌
ചിത്രം ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: ആദരിക്കാന്‍ വിളിച്ച് അപമാനിച്ചതായി തെയ്യം കലാകാരന്‍. സജീവ് കുറുവാട്ട് എന്ന തെയ്യം കലാകാരനാണ് കുഞ്ഞിമംഗലത്തെ സമുദായക്ഷേത്രത്തിനെതിരെ രംഗത്ത് എത്തിയത്. അവര്‍ണ്ണരായതുകൊണ്ടാണോ എന്നെ മാത്രം വേദിയില്‍ വേര്‍തിരിച്ചു കണ്ടതെന്നും ആ വേദിയില്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നില്ലെന്നും അപമാനിക്കപ്പെടുകയായിരുന്നുവെന്നും സജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജാതീയത മനസില്‍ പോറ്റുന്നവര്‍ മേലില്‍ ഇത്തരം വേദികളില്‍ തന്നെ വിളിച്ചേക്കരുതെന്നും സജീവിന്റെ കുറിപ്പില്‍ പറയുന്നു.

സജീവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


കുഞ്ഞിമംഗലത്ത് ഒരു സമുദായ ക്ഷേത്രം എന്നെ ഇന്ന് പൊന്നാട നല്‍കി ആദരിക്കാന്‍ ക്ഷണിച്ചിരുന്നു. ഏതാണ്ട് 11 മണിയോടെ എത്തിയപ്പോള്‍ ശീവേലി നടക്കുകയാണ് അത് കഴിഞ്ഞ് കവാടം ഉദ്ഘാടനവും കഴിഞ്ഞ് ആദരിക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്തു.കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ആദരിക്കപ്പെടുന്നവരെ ഓരോരുത്തരായി വേദിയിലേക്ക് വിളിച്ചു ക്ഷേത്രം തന്ത്രി പൊന്നാടയണിയിച്ചു. ക്ഷേത്രം കോലധാരിയെന്ന നിലയില്‍ ഈയുള്ളവനെ വേദിയിലേക്ക് വിളിച്ചപ്പോള്‍ താന്ത്രിയുടെ അടുത്തു നിന്ന മാന്യദേഹം പറയുന്നു... പുതപ്പിക്കണ്ട.. ഫലകവും പൊന്നാടയും കയ്യില്‍ ഇട്ടു കൊടുത്താല്‍ മതിയെന്ന്... .... അതെന്താ ഞങ്ങള്‍ അവര്‍ണ്ണരായതുകൊണ്ടാണോ എന്നെ മാത്രം വേദിയില്‍ വേര്‍തിരിച്ചു കണ്ടത്... ആ വേദിയില്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നില്ല... അപമാനിക്കപ്പെടുകയായിരുന്നു..... വേണ്ടിയിരുന്നില്ല...... വല്ലാത്ത വേദന മാത്രമാണ് തോന്നിയത... ജാതീയത മനസില്‍ പോറ്റുന്നവര്‍ മേലില്‍ ഇത്തരം വേദികളില്‍ എന്നെ വിളിച്ചേക്കരുത്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com