കടകള്‍ രാത്രി ഏഴര വരെ മാത്രം, വാരാന്ത്യ 'ലോക്ക്ഡൗണ്‍'  തുടരും; സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശങ്ങള്‍

വാരാന്ത്യങ്ങളിലെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ കടകളുടെ പ്രവര്‍ത്തനം രാത്രി ഏഴര വരെയാക്കി നിജപ്പെടുത്താന്‍ സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശം. വാരാന്ത്യങ്ങളിലെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നിര്‍ദേശിച്ചു. 

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടൊണ് യോഗത്തിലെ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗം തീരുമാനിച്ചു. 

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.

അതേസമയം സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നു യോഗം പറഞ്ഞു.

രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വോട്ടെണ്ണല്‍ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാന്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നിര്‍ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com