സ്‌റ്റേഷനില്‍ നേരിട്ടു വിളിച്ചു പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി പണം പോയ പരാതി അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മുന്‍ ഡിജിപി
ആര്‍ ശ്രീലേഖ/ഫെയ്‌സ്ബുക്ക്
ആര്‍ ശ്രീലേഖ/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി പണം പോയ പരാതി അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടു വിളിച്ചു പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ശ്രീലേഖ ആരോപിച്ചു.

ആയിരത്തി എഴുന്നൂറു രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ചെറിയ തുകയാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമവിരുദ്ധമായി തട്ടിയെടുത്തതിനെതിരെയാണ് പരാതി നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫിസറെ നേരിട്ടു വിളിക്കുകയും ഇമെയിലിലൂടെ പരാതി നല്‍കുകയും ചെയ്തു. പൊലീസ് സേനയില്‍ ജോലി ചെയ്ത ഒരാളായിട്ടുകൂടി പൊലീസ് തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ പറയുന്നു.

മുമ്പു നാലുതവണ ഇതേ പൊലീസ് സ്റ്റേഷനില്‍നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. 2013ല്‍ തന്റെ പുതിയ വീടുപണി നടന്നുകൊണ്ടിരിക്കെ തേക്കു മരങ്ങളും ഇലക്ട്രിക് വയറുകളും മറ്റും മോഷണം പോയി. അന്‍പതിനായിരം രൂപയുടെ വസ്തുവകകളാണ് നഷ്ടപ്പെട്ടത്. 2002ല്‍ തന്റെ കുടുംബ വീട്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടു. ഈ രണ്ടു കേസും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് എഴുതിത്തള്ളുകയായിരുന്നു. 

കാര്യം ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല. തനിക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വരുന്ന പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ശ്രീലേഖ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com