എല്‍ഡിഎഫ് 80, യുഡിഎഫ് 59, ട്വന്റി 20 ഒന്ന്; തെരഞ്ഞെടുപ്പു  ഫല പ്രവചനവുമായി എന്‍എസ് മാധവന്‍

എല്‍ഡിഎഫ് 80, യുഡിഎഫ് 59, ട്വന്റി 20 ഒന്ന്; തെരഞ്ഞെടുപ്പു  ഫല പ്രവചനവുമായി എന്‍എസ് മാധവന്‍
എന്‍എസ് മാധവന്‍/ഫയല്‍
എന്‍എസ് മാധവന്‍/ഫയല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണലിന് രണ്ടു ദിനം മാത്രം ശേഷിക്കെ ഫല പ്രവചനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ തെരഞ്ഞെടുപ്പു ഫലത്തില്‍ തന്റെ വിലയിരുത്തല്‍ പ്രവചിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് 80 സീറ്റു നേടി അധികാരം നിലനിര്‍ത്തുമെന്നാണ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റാണ് കിട്ടുക. ഒരു സീറ്റ് ട്വന്റി 20 നേടുമ്പോള്‍ ബിജെപിക്ക് മാധവന്റെ വിലയിരുത്തലില്‍ വിജയമൊന്നും ഉണ്ടാവില്ല.

ഞായറാഴ്ചയാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ ദിവസം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ആര്‍ ടിപി സി ആര്‍ പരിശോധന നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.
ഇവര്‍ക്ക് 29ന് ആര്‍. ടി. പി. സി. ആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തില്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.

കോവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുക എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്‌ളാദപ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറില്‍നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോള്‍ വിജയിച്ചയാള്‍ക്ക് രണ്ടില്‍ കൂടുതല്‍ പേരെ ഒപ്പംകൂട്ടാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com