വിസ്മയ കേസില്‍ ക്രിമിനല്‍ അഭിഭാഷകന്‍ ജി മോഹന്‍രാജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ജി മോഹന്‍രാജിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ ചിത്രം
വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ ചിത്രം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ജി. മോഹന്‍രാജിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. അഞ്ചല്‍ ഉത്ര കേസിലെയും സപെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ്

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കിരണിനെ കസ്റ്റഡിയില്‍ ലഭിക്കുമോ എന്നതിലുള്ള നിയമോപദേശം പൊലീസ് തേടും. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

ജി മോഹന്‍രാജിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേസില്‍ പൊലീസ് നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും മോഹന്‍രാജിനായിരുന്നു പ്രഥമ പരിഗണന.

വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തില്‍ പൊലീസ് നിയമോപദേശം തേടും. കേസില്‍ വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂണ്‍ 22നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com