മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മൂന്ന് കൺമണികൾ; 55–ാം വയസ്സിൽ സിസി അമ്മയായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 12:57 PM  |  

Last Updated: 06th August 2021 12:59 PM  |   A+A-   |  

triplets

എക്സ്പ്രസ് ഫോട്ടോ

 

കൊച്ചി: മുപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസിയുടെയും ജോർജിന്റെയും ജീവിതത്തിൽ വന്നെത്തിയത് മൂന്ന് അതിഥികൾ. 55–ാം വയസ്സിൽ മൂന്ന് കൺമണികൾക്കാണ് സിസി ജോർജ് ജന്മം നൽകിയത്. ഒരു പെണ്ണും രണ്ട് ആണും.

ജൂലൈ 22 നാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കും കുട്ടികൾ പിറന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വർഷം മുതൽ ആരംഭിച്ചതാണ് കുട്ടികൾക്കായുള്ള ചികിത്സകൾ. ഗൾഫിലും നാട്ടിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. "കഴിഞ്ഞ 35 വര്‍ഷമായി ഞങ്ങള്‍ കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നു. അമ്മ ആയാല്‍ മാത്രമേ സ്ത്രീകളുടെ ജീവിതം പൂര്‍ണ്ണമാകൂ എന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ കടന്നുപോകുന്ന ദുഃഖം അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഇപ്പോള്‍ ഞങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിക്കുകയാണ്" , സിസി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ നിർത്താതെയുള്ള രക്തസ്രാവം മൂലം ഗർഭപാത്രം നീക്കം ചെയ്യാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയതാണ് ഇവർ. അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ എത്തി. ഡോ. സബൈൻ ശിവദാസിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തി. ഇപ്പോൾ മൂന്ന് കുട്ടികളും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.