'വസ്ത്രം വലിച്ചുകീറാന്‍ ശ്രമം, കൈപിടിച്ചു തിരിച്ചു'; താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വനിതാ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രതിഷേധം, ടെലിവിഷന്‍ ചിത്രം
വനിതാ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രതിഷേധം, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശി റഫീക്കും റഷീദുമാണ് പിടിയിലായത്. ഡോക്ടര്‍ മാലു മുരളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചത് സ്ഥിരം പ്രശ്‌നക്കാരെന്ന് ഡോ മാലു മുരളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി 12.30നായിരുന്നു ആക്രമണം. ചികിത്സയ്‌ക്കെത്തിയ  അക്രമികള്‍ വരി നില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍കഥയാകുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുകയാണ്. ഫോര്‍ട്ട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി ഡോക്ടര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഇന്നലെ സംഭവസമയത്ത് ആശുപത്രിയില്‍ ഡോക്ടറും സുരക്ഷാ ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. കാഷ്യാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയുമാണ് ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇവരുടെ ആക്രമണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സുരക്ഷാ ജീവനക്കാരനെ കിടക്കയില്‍ തള്ളിയിട്ടാണ് മര്‍ദ്ദിച്ചത്. ആക്രമിച്ചത് സ്ഥിരം പ്രശ്‌നക്കാരെന്ന് ഡോ മാലു മുരളി പറഞ്ഞു. അക്രമികള്‍ കൈപിടിച്ചു തിരിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായും മാലു മുരളി ആരോപിച്ചു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡോക്ടര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. പ്രതികളെ പിടികൂടുകയും സുരക്ഷാ ഉറപ്പാക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ഒപി ബഹിഷ്‌കരണം പിന്‍വലിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com