'ഡിഗ്രിയും ഡോക്ടറേറ്റും വ്യാജം' ; ഷാഹിദ കമാലിനെതിരെ ലോകായുക്തയില്‍ ഹര്‍ജി, നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 02:23 PM  |  

Last Updated: 06th August 2021 02:23 PM  |   A+A-   |  

shahida_kamal

ഷാഹിദ കമാല്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.  ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. 

അഖില ഖാന്‍ ആണ് പരാതിക്കാരി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ഹര്‍ജി ഒക്ടോബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

ഷാഹിദ കമാലിന് സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.